ഒരുപാട് പുരുഷൻമാരാൽ പ്രണയിക്കപ്പെടുന്ന ഒരു സ്ത്രീ എന്നും കടലിൽ കുളിക്കും അവളുടെ അവയവങ്ങളിൽ ഉപ്പുപാടങ്ങൾ കനത്ത് കിടക്കും. കടൽകാക്കകൾ അവളുടെ മിഴിപ്പീലിയിൽ നങ്കൂരമിടും. ആകാശം മറിഞ്ഞു വീണ അവളുടെ നെറ്റിത്തടം പക്ഷികൾ പറന്നുല്ലസിക്കാൻ കരുതുന്ന ഇഷ്ടസ്ഥലങ്ങളിലൊന്നാവും. കാട്ട് തെച്ചി കൂർപ്പുപോലത്തെ മുലകളിൽ കാമുകന്മാർ പാതിരാക്കിനാവിൻ കാറ്റു കൊള്ളാൻ നിവർന്ന് കിടക്കും. കടലു കാണാൻ വന്നമ്പരന്നവർ ശംഖിരമ്പo പോലുള്ള അവളുടെ മൊഴികളിൽ പലതവണ സ്വയം വിവർത്തിതരാകും. അവളുടെ പൊക്കിൽ ചുഴിയിൽ ഓരോ ആണും അവൻ്റെ അമ്മയെ ഓർക്കും. അവനവനിലേക്കുള്ള മടക്കമാവണം ഓരോ പ്രണയവും. പലരാൽ പ്രണയിക്കപ്പെടുന്ന സ്ത്രീ അവളറിയാതെയോ അറിഞ്ഞോ വിശുദ്ധീകരിക്കപ്പെടുന്നു.