മണിക്കൂറുകളുടെ പുസ്തകം.
മണിക്കൂറുകളുടെ പുസ്തകം.1/രഗില സജി
……………………………..
കുമ്പസാരക്കൂടിലേക്ക് ഊഴം കാക്കുന്ന
ഒരാൾക്ക്
തെറ്റും ശരിയും തമ്മിലുള്ള
നേർത്ത വ്യത്യാസങ്ങളെക്കുറിച്ച്
ആശങ്കയുണ്ടായേക്കുമോ?
ശരികളൊക്കെ തെറ്റുകളാവുന്ന തരത്തിൽ
ഒരു കരണം മറിച്ചിൽ ജീവിതത്തിലുണ്ടാവുമോ എന്ന ഭയം
അയാളെ ആകെപ്പാടെ പരവേശപ്പെടുത്തുമോ?
സമയത്തിന്റെ കയറ്റിറക്കങ്ങൾക്കനുസരിച്ച്
ഒരു നേരത്തെ ഏറ്റുപറച്ചിൽ
പിന്നൊരു നേരത്തെ തോറ്റു കൊടുക്കലായി
വരുമോ എന്ന ചിന്ത അയാളെ
അസ്വസ്ഥനാക്കുമോ?
മണിക്കൂറുകളെടുത്ത്
യാത്ര ചെയ്തെത്തുന്ന ഒരിടം
ഒരാൾക്ക് ഒരു തരത്തിലും
ആശ്വാസമുണ്ടാക്കുന്നില്ലെങ്കിൽ
അയാൾ ആത്മഹത്യയിലേക്ക് നടക്കുമോ?
2 .
ഏറെക്കാലത്തെ
മൗനത്തിൽ നിന്നുണർന്ന്
അവൾ വീടിന് മുമ്പിൽ
മലർന്ന് കിടക്കുന്ന
വഴിയിലൂടെ നടന്നു.
ഏറെക്കാലമെന്ന്
പറയുമ്പോൾ
എത്ര നേരം,
ദിവസം, മാസം ,വർഷം
എന്നൊന്നും ആർക്കും തിട്ടപ്പെടുത്താൻ വയ്യ.
നടന്നു പോകുന്ന
അവൾക്ക് കുറുകെ
മലയിൽ നിന്നിറങ്ങിയ
ഇരുട്ട് വരുന്നത് കണ്ടു.
ആകാശം കറുത്ത്
പക്ഷികൾ കറുത്ത്.
വഴി കറുത്ത്
വയൽ കറുത്ത്.
ഇരുട്ടാവുന്ന നേരത്തെക്കുറിച്ച്
ആർക്കുമൊന്നുമറിയില്ല
വീട്ടിലെ നിയോൺ
വെളിച്ചത്തിലേക്ക് ചൂട് കായാനാവുമോ
ഇരുട്ട് കറുത്തുരുണ്ടീ വിധം വേഗത്തിൽ
വരുന്നതെന്ന തോന്നലിൽ അവൾ
തിരിഞ്ഞോടി.
വെളിച്ചമാവുന്നതിന്
ദിവസങ്ങൾ കാത്തിരിക്കുന്നത്
എത്ര കഠിനമാണ്.
3.
നദിക്കരയിലിരുന്ന്
വെള്ളത്തിനടിയിലായിപ്പോയ
ഭൂപ്രദേശത്തെക്കുറിച്ചോർത്ത്
ഒരാൾ കരയുന്നു.
കരയുന്ന ആ നിമിഷമല്ലാതെ
വരും കാലങ്ങളിലൊരിക്കലും
അയാളത്ര സങ്കടപ്പെട്ട് നമ്മൾ
കാണുകയില്ല.
അധികനേരമെത്തും മുമ്പേ
അയാളും വെള്ളത്തിനടിയിലാവുമെന്നതുകൊണ്ട് .
പക്ഷേ ഒന്നുണ്ട്.
അധികനേരമെന്നത്
കൂടുതലോ കുറവോ അല്ലാത്ത
ഒരു കാലഗതിയുടെ സൂചന നൽകുന്നുണ്ട്.
കാത്തിരിക്കാം.
Comments
Post a Comment