വീട്ടുകവിത .3/രഗില സജി

പക്ഷിശീലo
.....................
സൺഷേഡിലെ പ്രാവുകളുടെ
കുറുകൽ  ഞാൻ മാത്രം കേട്ടു .
അവ പറന്ന് പോകുന്നതിന്നിമ്പത്തിൽ
ഞാൻ മാത്രം തട്ടിവീണു.
എന്റെ വീടോ അയൽപക്കക്കാരോ
ഒന്നും ശ്രദ്ധിച്ചില്ല.

സന്ധ്യക്ക്  അവ ചേക്കേറുമ്പോൾ
കുടഞ്ഞിടുന്ന ഇരുട്ടിൽ
മുഖം ചേർത്ത് ഞാനിറുകിക്കിടന്നു.
പകൽ പറന്ന് പോകുമ്പോൾ
ഉൾക്കനമുള്ള അവയുടെ
ശരീരത്തിൽ മാഞ്ഞുപോവാതെ
എന്റെ ചൂട് അടവച്ച് വിരിയിച്ചു.

അവയുടെ വിസർജ്ജ്യം വീണതിൽ
എന്റെ അഴുക്ക് .
അവ കൊത്തുന്ന
ധാന്യച്ചീളുകളിൽ എന്റെ വിശപ്പ്
അവ പറക്കുന്ന
ദൂരങ്ങളിൽ എന്റെ ഉപ്പൂറ്റിക്കുനിപ്പുകൾ

പ്രാവുകൾ വരുന്നു.
പോവുന്നു
ഞാനല്ലാതെ
ആരുമത് കാണുന്നുമില്ല ശ്രദ്ധിക്കുന്നുമില്ല.
അവയിലേക്ക് ചരിഞ്ഞ്
വളരുന്ന എന്നെയും
ആരും കാണുന്നും ശ്രദ്ധിക്കുന്നുമില്ല.
ഇനി ആ പ്രാവുകളും എന്നെ കാണുന്നില്ലെന്ന് വരുമോ?

രാത്രി അവയിലേക്ക്
എന്റെ ഭാഷ പകരും വിധം
ഒരു വാതിലുണ്ടാക്കണം.
ഞാനുണ്ടെന്ന തോന്നൽ
അതുകളിലേക്ക് നൽകണം.

പക്ഷി ജീവിതം ശീലിക്കുന്നത്
പറക്കാൻ മാത്രമല്ലെന്ന്
അവനവനെത്തന്നെ കാട്ടണം.

Comments

Popular posts from this blog

വീട്ടുകവിത.2/രഗില സജി

ഉടൽക്കവിത .1/ രഗില സജി

വീട്ടുകവിത.5/രഗില സജി