വീട്ടുകവിത.1/രഗില സജി
മഴ പെയ്യുമ്പോഴൊക്കെയും വീട് ചോർച്ചയിലേക്ക് മലർത്തി നീക്കുന്ന
ഒരു പാത്രമാവുന്നു.
മഴ തോർന്ന്
വെയിലെഴുതുമ്പോൾ മുറ്റത്ത് ഉണക്കാനിട്ട മുളക് പോലെ
നീണ്ട് നിവർന്ന് കിടക്കുന്നു.
മഞ്ഞുകാലം വരുമ്പോൾ ഉമ്മറപ്പടിയിലെ ചവിട്ടിയുടെ ചൂടിലുറങ്ങുന്ന പൂച്ചയാവും
വാതിലുകൾ തുറന്നിടുമ്പോൾ
ചിറക് നീർത്തി പറക്കാനായുന്ന
പക്ഷിയുടെ കൊക്ക് പോലെ
വിടരും.
നമുക്കിടയിൽ
കൊളുത്തിടാത്ത മുറികളുള്ള
ഒരു വീടുണ്ടെന്ന്
നീ പറഞ്ഞതോർക്കുന്നു.
നാടുകടത്തിയ വളർത്തു പട്ടി
വീട്ടുകാരെയന്‌വേഷിച്ച്
തിരിച്ചെത്തുമ്പോലെ
നമ്മൾ എത്ര അകന്നാലും
തിരിച്ചുവരുമെന്ന പ്രതീക്ഷയുള്ളത്.
നമ്മൾ കെട്ടുപിണഞ്ഞതിന്റെ
എത്ര അടയാളങ്ങളാണ്
മുറികളോരോന്നിലും.
അപരിചിതമായ
ഒരിടത്ത് നമ്മെ വരഞ്ഞിടുമ്പോൾ വീടിന്റെ ഉടൽച്ചൂട് മൂടുന്നു.
നനുപ്പ് നമ്മെ വന്നൊട്ടുന്നു.
അപരിചിതരേയും.
എത്ര കഴുകിയാലും മാഞ്ഞു പോവാത്ത
ഇളം മറുകിനെ ഞാൻ വീടെന്ന്
വിളിക്കുന്നു.
അതിരുകളിലെല്ലാം
നീ ഉമ്മ വച്ച് ചുവപ്പിച്ചേക്കുമല്ലോ.
Comments
Post a Comment